അപകടത്തിൽ ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് സ്വന്തം വാഹനത്തിൽ ആശുപത്രിയിലെത്തിച്ച് എഡ്മൻ്റൺ സ്വദേശി. റിച്ചാർഡ് ഗെൻഡ്രോൺ എന്നയാളാണ് പരിക്കേറ്റ് അമിത രക്തസ്രാവം ഉണ്ടായിരുന്നയാളെ സ്വന്തം വാഹനത്തിൽ ആശുപത്രിയിലെത്തിച്ചത്. ആംബുലൻസ് ലഭ്യമാകാൻ ഇത്രയധികം വൈകുന്നതിൽ താൻ ഞെട്ടിപ്പോയതായി ഇദ്ദേഹം വെളിപ്പെടുത്തി.ഈ സംഭവം എഡ്മൻ്റണിലെ ആംബുലൻസ് കാത്തിരിപ്പ് സമയത്തെക്കുറിച്ച് വലിയ ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്.
എഡ്മൻ്റണിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പരിക്കേറ്റ് റോഡിൽ കിടക്കുന്ന ആളെ കണ്ട റിച്ചാർഡ് ഗെൻഡ്രോൺ സഹായത്തിനായി ഓടിയെത്തി. തുടർന്ന് അദ്ദേഹം ആംബുലൻസിനായി വിളിച്ചെങ്കിലും, അവിടെയെത്താൻ മണിക്കൂറുകൾ എടുത്തേക്കാം എന്ന മറുപടിയാണ് ലഭിച്ചത്. ആംബുലൻസ് വൈകുന്നത് പരിക്കേറ്റയാളുടെ നില വഷളാക്കുമെന്ന് ഭയന്ന അദ്ദേഹം, സ്വന്തം വാഹനത്തിൽ തന്നെ പരിക്കേറ്റ വ്യക്തിയെ ആശുപത്രിയിലെത്തിക്കാൻ തീരുമാനിച്ചു. പരിക്കേറ്റയാൾക്ക് അമിതമായി രക്തസ്രാവം ഉണ്ടായിരുന്നു. ആശുപത്രിയിൽ എത്തിയ ഉടൻ തന്നെ ഡോക്ടർമാർ പരിക്കേറ്റയാൾക്ക് ആവശ്യമായ ചികിത്സ നൽകി.
ഈ സംഭവം എഡ്മന്റണിലെ ആംബുലൻസ് കാത്തിരിപ്പ് സമയവുമായി ബന്ധപ്പെട്ട ചർച്ചകൾ വീണ്ടും സജീവമാക്കിയിരിക്കുകയാണ്. അടിയന്തര സേവനങ്ങൾക്കായുള്ള ആവശ്യം വളരെ കൂടുതലാണെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സമ്മതിക്കുന്നു. ഭാവിയിൽ ഇത്തരം അടിയന്തര സാഹചര്യങ്ങളിൽ സഹായം വൈകുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്നാണ് പ്രദേശവാസികളുടെയും ആശങ്ക.